ഇതെന്‍റെ മുപ്പതാമത് പ്രവാസവര്‍ഷം. മുപ്പതു വര്‍ഷം കഠിനമായി അധ്വാനിച്ചു കിട്ടിയ ഷുഗര്‍, പ്രഷര്‍, സന്ധി വേദന പിന്നെ കുറേ മനോവേദനകളുമായി ഇപ്പോഴും വിചിത്രമായ പ്രവാസ ജീവിതം നയിക്കുന്നു - അല്ല, പ്രയാസ ജീവിതം നയിക്കുന്നു - ഞാന്‍ പോലും ആഗ്രഹിക്കാതെ.
ഒരു ഡ്രൈവറായി പ്രവാസ ജീവിതം തുടങ്ങി - അങ്ങ്ഫുജൈറയില്‍ ; ഇപ്പോള്‍ ഡ്രൈവറായി തന്നെ തുടരുന്നു - ഇങ്ങു ദുബായില്‍. ഇതിനിടയില്‍ എന്ത് സംഭവിച്ചു, എനിക്ക് മാത്രം എന്താ ഒരു മാറ്റവും ഈ വലിയ പ്രവാസ ജീവിതം ഉണ്ടാക്കി തന്നില്ല, എന്നായിരിക്കും ചിന്ത, അല്ലെ?
ഞാന്‍ പറയാം ആ കഥ; ഒരു കുടുംബ സ്നേഹിയായ പ്രവാസിയുടെ കഥ, നിങ്ങള്‍ക്ക് വേണ്ടി:
ചിലപ്പോള്‍ ഇത് നിങ്ങളുടെ കഥയും ആവാം. ജീവിച്ചിരിക്കുന്നവര്‍ക്കോ, അല്ലെങ്കില്‍ മരിച്ചവര്‍ക്കോ ഈ കഥയുമായി എന്തെങ്ങിലും സാമ്യം തോന്നുന്നെങ്കില്‍ അതവരുടെ വിധി മാത്രം.
തിരുവനന്തപുരം ജില്ലയുടെ പ്രാന്ത പ്രദേശത്തുള്ള ഒരു മനോഹരമായ ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. രണ്ടു അനിയത്തിമാരും, രണ്ടു അനിയന്മാരും, ഒരു ചേട്ടനും, അമ്മയും അച്ഛനും അടങ്ങിയ ഒരു സന്തുഷ്ട കൂട്ട് കുടുംബം. പത്താം തരം പാസ്സായി, ഡ്രൈവിംഗ് പഠിച്ചു, നാട്ടില്‍ അല്ലറ ചില്ലറ ജോലികളുമായി കഴിഞ്ഞ എനിക്കും അന്നത്തെ മറ്റു ചെറുപ്പക്കാരെ പോലെ പേര്‍ഷ്യ തലയില്‍ പിടിച്ചു. പത്തു പണമുണ്ടാക്കി നാട്ടില്‍ വന്നു വിലസണം - അത്രേ ഉണ്ടായിരിന്നുള്ളൂ മനസ്സില്‍.
അങ്ങനെ കടം വാങ്ങിയും കുറച്ചു സ്ഥലം വിറ്റും ഒരു ഉരുവില്‍ ഫുജൈറയില്‍ എത്തിപ്പെട്ടു. പിറ്റേ ദിവസം തന്നെ ഒരു അറബി വിളിച്ചു കൊണ്ടു പോയി വീട്ടു ജോലിയും തന്നു. പിന്നെ അവിടുത്തെ ഡ്രൈവര്‍ ആയി. അദേഹത്തിന്റെ കാരുണ്യം കൊണ്ട് ഒരു ബിസിനെസ്സും തുടങ്ങാനായി. A/C Installation & Service Business എന്‍റെ സ്വപ്നത്തിനും അപ്പുറത്ത് വിജയിച്ചു. ഞാനും ഒരു പേര്‍ഷ്യക്കാരന്‍ ആയി!
കുടുംബസ്നേഹം കൂടുതലായ ഞാന്‍ കെട്ടി ഒരു വര്‍ഷം പോലും ആകാതെ നാട്ടിലാക്കി വന്ന ഭാര്യയെയും എനിക്ക് ജനിച്ച കുഞ്ഞിനെയും പോലും മറന്നു. നീണ്ട നാലു വര്‍ഷങ്ങള്‍. പക്ഷെ പെങ്ങമ്മാരുടെ കല്യാണത്തിനും അച്ഛന്റെയും അമ്മയുടെയും കത്തുകളിലൂടെയുള്ള ആവശ്യങ്ങള്‍ക്കും നിര്‍ലോഭം സഹായ ഹസ്തം നീട്ടി. ആദ്യമായി നാട്ടില്‍ അവധിക്കെത്തിയ എനിക്ക് എന്നെക്കുറിച്ച് തന്നെ എന്തെന്നില്ലാത്ത മതിപ്പ് തോന്നി. സൂര്യനെപ്പോലെ ഞാനും എന്നെ ചുറ്റിപറ്റി കുറേ മനുഷ്യരും - ഞാനതങ്ങു ആസ്വദിച്ച് തുടങ്ങിയിരുന്നു അപ്പോഴത്തേക്കും. പലപ്പോഴും ഭാര്യ ഓര്‍മ്മിപ്പിച്ചു ഞാന്‍ ആരാണെന്നും എവിടെയാണെന്നും. സൂര്യനെ നോക്കി പട്ടി കുരച്ചാല്‍ സൂര്യന്‍ എങ്ങനെ അറിയാനാ!
കാലം കടന്നു പോയി. ഒരു കുട്ടി കൂടി ജനിച്ചു. രണ്ടു പെണ്‍ കുട്ടികള്‍. എന്നിലെ ഉത്തരവാദിത്ത ബോധം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഞാന്‍ അതുവരെ ഉണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ മുടക്കി മനോഹരമായ ഒരു വീട് പണിയിച്ചു. ആ ഗ്രാമത്തിലെ കൊട്ടാരം എന്ന് വേണേല്‍ പറയാം. ഞാനിപ്പോള്‍ എന്‍റെ ഗ്രാമത്തിലെ ഒരു പുത്തന്‍ പണക്കാരനായി മാറിയിരിക്കുന്നൂ എന്നുള്ള ബോധം എന്നെ കൂടുതല്‍ ഉന്മത്തനാക്കി. അടുത്ത കുറേ വര്‍ഷത്തെ സമ്പാദ്യം വീട് മോടി പിടിപ്പിക്കുന്നതിനും കുടുംബത്തിനും വേണ്ടി ചിലവാക്കി കൊണ്ടേയിരിന്നു. കുടുംബ സ്നേഹമുള്ള മാതൃക പ്രവാസി. എല്ലാരും അഭിനന്ദങ്ങളുടെ പൂച്ചെണ്ടുകള്‍ കൊണ്ടെന്നെ പൊതിഞ്ഞു.
ഞാന്‍ വളരുന്നതിനോടൊപ്പം ഫുജൈറയും വളര്‍ന്നത് ഞാന്‍ കണ്ടില്ല. അതിനൊപ്പം എന്‍റെ ബിസിനസ് വളര്‍ത്താനും ഞാന്‍ നോക്കിയില്ല. തിമിംഗലങ്ങള്‍ കുഞ്ഞു മത്സ്യങ്ങളെ വിഴുങ്ങുന്നത് പോലെ എന്‍റെ ബിസിനെസ്സും വിഴുങ്ങപ്പെട്ടു. ഞാന്‍ തളര്‍ന്നു. കട വിറ്റു കിട്ടിയതുള്‍പ്പെടെയുള്ള സമ്പാദ്യവുമായി ഞാന്‍ ഒരു ടാക്സി വാങ്ങി ഓട്ടാമെന്ന മോഹമോ വ്യാമോഹമോ ആയി നാട്ടിലേക്കു തിരിച്ചു.
അപ്പോഴേയ്ക്കും നീണ്ട ഇരുപതു വര്‍ഷങ്ങള്‍ എന്‍റെ ജീവിതത്തില്‍ നിന്നും ഓടി മറഞ്ഞിരിന്നു. സൂര്യനായിരുന്ന ഞാന്‍ ഒരു 'മാഗ് ലൈറ്റ്' പോലും ആയിരിന്നില്ല എന്ന സത്യം മനസസിലാക്കിയത് അപ്പോഴായിരിന്നു. ഞാനാകുന്ന സൂര്യനു ചുറ്റും എന്‍റെ ഭാര്യയും രണ്ടു കുഞ്ഞുങ്ങളും മാത്രം. കുടുംബസ്ഥലത്ത് വച്ച എന്‍റെ വീടിനു അവകാശങ്ങളുമായി സഹോദരങ്ങളും എത്തിയപ്പോള്‍ എന്‍റെ പ്രവാസ ജീവിതവും കുടുംബ സ്നേഹവും അതിന്റെ പൂര്‍ണതയിലെത്തി. ഇരുപതു വര്‍ഷത്തെ എന്‍റെ ജീവിതത്തെ പട്ടികള്‍ ഭക്ഷണപൊതി കടിച്ചു കീറുന്ന ലാഘവത്തോടെ എന്‍റെ സഹോദരങ്ങള്‍ കടിച്ചു കീറിയെടുത്തപ്പോള്‍ അന്ന് കാണാതെ പോയ ഉപഗ്രഹങ്ങള്‍ക്ക് വേണ്ടി ഞാന്‍ വീണ്ടും പ്രവാസിയായി, കൂട്ടത്തില്‍ ഒരു ദേവദാസും.
ജീവിതം ജീവിച്ചു തീര്‍ക്കാനുളളതാണെന്ന സത്യം മനസ്സിലാക്കിയപ്പോഴേക്കും ഏറെ വൈകി പ്പോയിരുന്നു സുഹൃത്തുക്കളെ!
nice story
ReplyDeletelekshmi
Good.. never stop writing.. you can write more and more..
ReplyDelete