Tuesday, June 29, 2010

പെട്ടെന്ന് വന്ന മറവി


This Blogger in front of The Sphinx and the Great Pyramids in GizaEgypt

കുറച്ചു നാള്‍ ബ്ലോഗ് എഴുതാനോ, എന്‍റെ സുഹൃത്തുക്കളുമായി സംവദിക്കാനോ കഴിഞ്ഞില്ല; ജോലിത്തിരക്ക് തന്നെയായിരുന്നു കാരണം. പിന്നെ ഒത്തു വന്നൊരു ഈജിപ്ത് യാത്രയും. ഗിസയിലെ പിരമിഡുകളും, സ്ഫിന്ക്സും, 'മമ്മി' കള്‍ ഉറങ്ങുന്ന മ്യുസിയവും, നൈല്‍ നദിയും, ഇസ്ലാമിക്‌ കൈറോയും, തന്ന ലഹരിയില്‍ നിന്നും ഉണര്‍ന്നെണീക്കാന്‍ കുറച്ചു ദിവസം വേണ്ടി വന്നു. മഹാത്ഭുതങ്ങള്‍ എന്നും മഹാത്ഭുതങ്ങള്‍ തന്നെ! 

പിന്നെ തിരിച്ചു വന്ന തിരക്കില്‍ പെട്ട് വീണ്ടും ദിവസങ്ങള്‍ പഴയ പോലെ. ബ്ലോഗ് തുറക്കണം, മെയില്‍ എല്ലാം വായിക്കണം, എന്നിങ്ങനെ പറഞ്ഞു പറഞ്ഞു ഒരു 'വീക്ക്‌ എന്‍ഡ്' (week-end) വന്നെത്തി. ആവേശത്തോടെ മെയില്‍ ഐ ഡി അടിക്കാന്‍ തുനിഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം; ഓര്‍മ്മ വരുന്നില്ല. ഒട്ടും ഓര്‍മ്മ വരുന്നില്ല. ഞാന്‍ പരവശനായി. ഇതെന്തു പറ്റി? മറ്റു മെയില്‍ അക്കൌണ്ടുകള്‍ ഒന്നൊന്നായി ഓര്‍ത്തു നോക്കി. ചിലത് ശരിയായി; എന്നാല്‍ പാസ് വേര്‍ഡ്‌ ഓര്‍മ്മയില്ല. എനിക്ക് എന്നെ തന്നെ വിശ്വസിക്കാനാവുന്നില്ല. സ്വയം ഒന്ന് നുള്ളി നോക്കി. അതിശയം തന്നെ. 

വീട്ടില്‍ എല്ലാവരും ഉറക്കം. ആഘോഷിക്കാന്‍ തിരഞ്ഞെടുത്ത വീക്ക്‌ എന്‍ഡ് (week-end), വീക്ക്‌ എന്‍ഡ് (WEAK-end) ആയി? ഇനി ബാങ്ക് എ ടി എം? പതിവായി പൈസയെടുക്കുന്ന ബാങ്കിന്‍റെ കാര്‍ഡ് എടുത്തു. തൊട്ട സ്ട്രീറ്റിലെ എ ടി എം മെഷിനില്‍ കാര്‍ഡ് ഇട്ടു. ഇല്ല ഓര്‍മ്മ വരുന്നില്ല. ഇനിയും പാസ് വേര്‍ഡ്‌ തെറ്റിച്ചാല്‍ കാര്‍ഡ് മെഷീന്‍ പിടിച്ചു വയ്ക്കും എന്ന ഭീതി കാരണം ക്യാന്‍സല്‍ ചെയ്തു കാര്‍ഡ് എടുത്തു. ഉടനെതന്നെ വീട്ടില്‍ വിളിച്ചു പറയാം എന്ന് കരുതിയപ്പോള്‍ എന്‍റെ residence നമ്പര്‍ ഓര്‍മ്മ വരുന്നില്ല. എന്‍റെ മൊബൈല്‍ നമ്പര്‍ എനിക്ക് തന്നെ ഒരു സംശയം സൃഷ്ടിക്കുന്നു. 'ഉറങ്ങാത്ത നഗരത്തിന്‍റെ' മാറിലേയ്ക്ക് മെല്ലെ ഊര്‍ന്നിറങ്ങി. വീക്ക്‌ എന്‍ഡ് ആയതിനാല്‍ ട്രാഫിക് നല്ലത് പോലെയുണ്ട്; പാതിരാത്രി ആയെങ്കിലും. ഞാന്‍ പരിഭ്രമത്തിലാണെന്ന് ശരീരം വിയര്‍ത്തു കുളിക്കുന്നതിലൂടെ അറിഞ്ഞു. ഡിസംബറിലെ തണുപ്പില്‍ ഇതൊരു അസാധാരണ സംഭവം തന്നെ. ഇനി നടന്നു വഴിതെറ്റി വീടറിയാതെ പോയാലോ എന്ന ഭീതിയാല്‍ വേഗം തിരിഞ്ഞു നടന്നു. കുഴപ്പമില്ലാതെ വീടെത്തി. ആരും ഉണര്‍ന്നില്ല; ഭാഗ്യം. നേരം വെളുക്കട്ടെ. എന്നിരുന്നാലും, ഞാന്‍ എന്‍റെ അടുത്ത കൂട്ടുകാരുടെ, ഓഫീസിലെ, ടെലിഫോണ്‍ നമ്പറുകള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. ഇല്ല, ഓര്‍മ്മ വരുന്നില്ല. എന്നാല്‍ എനിക്ക് നാളെ പങ്കെടുക്കേണ്ട മീറ്റിങ്ങ് ഹാള്‍, അതിന്റെ വെന്യു, ഫോറിന്‍ ഡലിഗഷന്‍ ടീം, എല്ലാം ഓര്‍മ്മ വരുന്നുണ്ട്.

നാട്ടിലെ ഊടുവഴികളും, അമ്പലങ്ങളും, കുളവും, തോടും, പാടവും, സ്കൂളിലേയ്ക്ക് പോകുന്ന വഴിയും, എല്ലാം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു: എല്ലാം കൃത്യം. എ ടി എം PIN, ഫോണ്‍ നമ്പരുകള്‍, പാസ് വേര്‍ഡ്‌ സ്, പ്രധാനപ്പെട്ട മറ്റു നമ്പറുകള്‍ എന്നിവ കുറിച്ച് വെയ്ക്കെണ്ടാതായിരുന്നു. ഉണ്ട്, എവിടെയോ വെച്ചിട്ടുണ്ട്. ഓര്‍മ്മ വരുന്നില്ല. ഇനി ഉറങ്ങാം...നിദ്രാ ദേവി അനുഗ്രഹിക്കട്ടെ.   

ഉറക്കമുണര്‍ന്നത്‌ ഭീതിയോടെയാണ്. എല്ലാം ഒന്നോര്‍ത്തു നോക്കി. ഇതാ വരുന്നു...എല്ലാം പഴയ പോലെ...ബ്ലോഗ് തുറന്നു...  

സുഹൃത്തുക്കളെ, അത്യാവശ്യം വേണ്ട കാര്യങ്ങള്‍ വീട്ടില്‍ ഒരാളേക്കൂടി അറിയിച്ച്‌ ഭദ്രമായി സൂക്ഷിച്ചു വയ്ക്കുക. തലച്ചോര്‍ എന്നാണു പെട്ടെന്ന് പണിമുടക്കുന്നതെന്നറിയില്ല!

2 comments:

  1. this is exactly true, I keep on forgetting mail account passwords whereas I remember almost everything from my childhood. Now onwards these passwords are with my brother also.

    ReplyDelete

Subject to Comment Moderation